ചങ്ങനാശേരി: അതിരൂപത ചെറുപുഷ്പം മിഷന്‍ലീഗിന്റെ നേതൃത്വത്തിലുള്ള 38-ാമത് അല്‍ഫോന്‍സാ തീര്‍ഥാടനം നാളെ നടക്കും. അതിരൂപതയിലെ വിവിധ ഫൊറോനകളില്‍നിന്നുള്ള കുഞ്ഞുമിഷണറിമാരടക്കം പതിനായിരക്കണക്കിനു വിശ്വാസികൾ കാല്‍നടയായി കുടമാളൂര്‍ മേജര്‍ ആര്‍ക്കി എപ്പിസ്കോപ്പല്‍ തീര്‍ഥാടന കേന്ദ്രത്തിലും വിശുദ്ധ അല്‍ഫോന്‍സാമ്മയുടെ ജന്മഗൃഹത്തിലും എത്തി മധ്യസ്ഥ പ്രാര്‍ഥന അര്‍പ്പിക്കും.
നാളെ രാവിലെ 5.45ന് ചങ്ങനാശേരി, തുരുത്തി മേഖലകളുടെ നേതൃത്വത്തിലുള്ള പ്രധാന തീര്‍ഥാടനം പാറേല്‍ മരിയന്‍ തീര്‍ഥാടന കേന്ദ്രത്തില്‍നിന്ന് ആരംഭിക്കും. കുറുമ്പനാടം മേഖലയുടെ വിവിധ ഭാഗങ്ങളില്‍നിന്നുള്ള തീര്‍ഥാടനം രാവിലെ 10.30ന് കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടിൽ നിന്നാരംഭിക്കും.
കുടമാളൂര്‍ മേഖലയിലെ തീര്‍ഥാടകര്‍ പനമ്പാലം സെന്റ് മൈക്കിള്‍സ് ചാപ്പല്‍ ജംഗ്ഷനില്‍ ഒത്തുചേര്‍ന്ന് ജന്മഗൃഹത്തിലേക്ക് തീര്‍ഥാടനം നടത്തും.
അതിരമ്പുഴ മേഖലാ തീര്‍ഥാടനം ആര്‍പ്പൂക്കര അമ്പലക്കവലയില്‍ ഒത്തുചേര്‍ന്ന് ജന്മഗൃഹത്തിലേക്ക് പോകും.
കോട്ടയം, നെടുംകുന്നം, മണിമല, തൃക്കൊടിത്താനം, ചെങ്ങന്നൂര്‍ മേഖലാ തീര്ഥാടനങ്ങള് 8.45ന് കോട്ടയം സിഎംഎസ് ഹൈസ്കൂള്‍ ഗ്രൗണ്ടില്‍നിന്നു പുറപ്പെടും. അമ്പൂരി, തിരുവനന്തപുരം, കൊല്ലം-ആയൂര്‍ മേഖലകളില്‍നിന്നുള്ള തെക്കന്‍മേഖല തീർഥാടകര്‍ മറ്റു മേഖലകളുടെ തീര്ഥാടനങ്ങളോടാപ്പം ചേര്‍ന്ന് ജന്മഗൃഹത്തിലെത്തിച്ചേരും.
കുടമാളൂര്‍ പള്ളിയില്‍ ഒന്നിന് രാവിലെ 5.15നും 10.30നും 12നും 3.15നും അല്‍ഫോന്‍സാ ഭവനില്‍ രാവിലെ 7.15നും 9.45നും 12നും ഉച്ചകഴിഞ്ഞ് രണ്ടിനും മൂന്നിനും മാന്നാനം ആശ്രമ ദേവാലയത്തില്‍ രാവിലെ 10.15നും വിശുദ്ധ കുര്‍ബാന ഉണ്ടായിരിക്കും.
അല്‍ഫോന്‍സാ ഭവനില്‍ ആര്‍ച്ച്ബിഷപ് മാര്‍ തോമസ് തറയില്‍, ആര്‍ച്ച്ബിഷപ് എമരിറ്റസ് മാര്‍ ജോസഫ് പെരുന്തോട്ടം എന്നിവര്‍ സന്ദേശങ്ങള്‍ നല്‍കും.